ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഹാച്ച്ബാക്ക്, സെഡാന്‍ എന്നീ ബോഡിടൈപ്പിലുള്ള കാറുകളേക്കാള്‍ പൊതുവെ ഇഷ്ടം സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ്. ഹാച്ച്ബാക്കുകളുടെ അതേ വിലയില്‍ തന്നെ് എസ്‌യുവികള്‍ ലഭിക്കുമ്പോള്‍ ആളുകള്‍ പിന്നെ അതല്ലേ വാങ്ങൂ. ഈ ട്രെന്‍ഡിന് തുടക്കമിട്ട കമ്പനിയാണ് നിസാന്‍ മോട്ടോര്‍. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഇന്ത്യയിലെ മാഗ്‌നൈറ്റ് (Nissan Magnite) സബ് കോംപാക്ട് എസ്‌യുവിയാണ് ഈ പറഞ്ഞ താരം. അടുത്തിടെയാണ് നിസാന്‍ ഇന്ത്യയില്‍ 5 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. അതില്‍ വലിയ പങ്കുവഹിച്ച മോഡലാണ് മാഗ്‌നൈറ്റ്. 2020 ഡിസംബറില്‍ പുറത്തിറങ്ങിയ മാഗ്‌നൈറ്റിന്റെ 1.5 ലക്ഷത്തിലേറെ യൂണിറ്റുകളാണ് ഇന്ത്യക്കാര്‍ വാങ്ങിയത് .
ഇന്ത്യന്‍ നിര്‍മിത മാഗ്‌നൈറ്റിന് വിദേശ വിപണികളിലും ആവശ്യക്കാര്‍ ഏറെയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ കയറ്റുമതി കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. ഇന്ത്യക്കാരും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ കാറിന്റെ പ്രാരംഭ വില അവസാനിക്കാന്‍ പോകുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 2025 ജനുവരി മുതല്‍ നിസാന്‍ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില 2 ശതമാനം വരെ വര്‍ധിക്കും.
മുന്‍ഗാമിയുടെ 5.99 ലക്ഷം രൂപയുടെ പ്രാരംഭ വില നിലനിര്‍ത്തിയാണ് മുഖംമിനുക്കിയ എസ്യുവി 2024 ഒക്‌ടോബറില്‍ വിപണിയില്‍ എത്തിയത്. ലോഞ്ച് വേളയില്‍ തന്നെ ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ പ്രാരംഭ വില ബാധകമാവുകയെന്നും കമ്പനി പ്രത്യേകം പറഞ്ഞിരുന്നു. സബ് കോംപാക്ട് എസ്‌യുവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റിന് 11.50 ലക്ഷമാണ് മുടക്കേണ്ടത്. എകസ്‌ഷോറൂം വിലകളാണിത്.
മാഗ്‌നൈറ്റ് ഫെയ്സ്ലിഫ്റ്റ് ആറ് വേരിയന്റുകളിലായി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും മൂന്ന് ട്രാന്‍സ്മിഷന്‍ ചോയ്സുകളുമാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ഫ്രണ്ട് ഗ്രില്ലിനൊപ്പം പുതുക്കിയ ഫ്രണ്ട് ബമ്പറും 16 ഇഞ്ചിന്റെ പുതിയ സെറ്റ് അലോയ് വീലുകളുമടക്കം നിരവധി കോസ്മെറ്റിക് മാറ്റങ്ങള്‍ നിസാന്‍ മാഗ്നൈറ്റ് ഫെയ്സ്ലിഫ്റ്റിന് ലഭിക്കുന്നു. വയര്‍ലെസ് ചാര്‍ജര്‍, ചുറ്റും വ്യൂ മോണിറ്റര്‍, പുതിയ ഐ കീ, വാക്ക് എവേ ലോക്ക്, 60 മീറ്ററില്‍ റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട് തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുണ്ട്.
ടാറ്റ പഞ്ച്, ഹ്യുണ്ടയി എക്സ്റ്റര്‍, മാരുതി സുസുക്കി ഫ്രോങ്ക്‌സ്, റെനോ കൈഗര്‍ എന്നിവയാണ് പ്രധാന എതിരാളികള്‍.